ഗാസ: ക്രിസ്മസിന് ഏതാനും ദിവസം മാത്രം ശേഷിക്കേ ജറൂസലെമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസ മുനമ്പിലെ ഏക കത്തോലിക്കാദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ സന്ദര്‍ശനം നടത്തി.
ലാറ്റിൻ പാത്രിയാർക്കൽ വികാരിയായ മോൺ. വില്യം ഷോമാലിയോടും പ്രതിനിധിസംഘത്തിനോടുമൊപ്പം എത്തിയ കർദിനാളിനെ സാന്താ തൊപ്പികൾ ധരിച്ച കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ള ഇടവകാംഗങ്ങൾ ഹൃദ്യമായി വരവേറ്റു.
രണ്ടു വർഷത്തിലേറെയായി സംഘർഷവും കഠിനമായ ബുദ്ധിമുട്ടുകളും സഹിച്ച കത്തോലിക്കാസമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായിട്ടാണ് പാത്രിയാർക്കീസും സംഘവും ഗാസയിലെ ഏക കത്തോലിക്ക ഇടവകയില്‍ എത്തിയത്.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച എത്തിയ പാത്രിയാർക്കീസ് ഇന്നലെ തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു തുടർന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക വൈദികരുമായും ഇടവകാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗാസയിലെ മാനുഷിക സഹായ പ്രവർത്തനങ്ങൾ, നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഭാവിയിലേക്കുള്ള പദ്ധതികൾ എന്നിവയുൾപ്പെടെ ഇടവകയുടെ നിലവിലെ സ്ഥിതി പാത്രിയാർക്കീസ് വിലയിരുത്തും.
2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം ക്രൈസ്തവരും മുസ്ലിംകളും ഉൾപ്പെടെ നൂറുകണക്കിന് കുടിയിറക്കപ്പെട്ട ആളുകൾക്ക് ഹോളിഫാമിലി ഇടവക അഭയം നൽകിയിട്ടുണ്ട്. യുദ്ധം കൊടുന്പിക്കൊണ്ടിരിക്കേ ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ ഗാസ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയെ ഇടയ്ക്കിടെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ലെയോ പതിനാലാമൻ മാർപാപ്പയും ഫാ. ഗബ്രിയേലിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയുണ്ടായി. മേഖലയിൽ സമാധാനം സംജാതമായിരിക്കേ ഏറെ ആവേശത്തോടെയാണു ഗാസയിലെ ക്രൈസ്തവർ ക്രിസ്മസിനൊരുങ്ങുന്നത്.
ഡിസംബറിന്റെ ആരംഭത്തിൽത്തന്നെ പള്ളിയും പരിസരങ്ങളും നക്ഷത്രങ്ങളാലും വൈദ്യുതദീപങ്ങളാലും അലങ്കരിച്ചിരുന്നു.